പാട്ടുകാരിയായിരുന്ന അമ്മയ്ക്ക് സംവിധായകനായ മകന്റെ സ്നേഹോപകാരം, റീത്താ റിക്കോർഡ്സ്. സംവിധായകൻ ജോൺപോൾ ജോർജ് ആണ് അമ്മ റീത്താമ്മയുടെ പേരിൽ മ്യൂസിക് ലേബൽ തുടങ്ങിയത്.
നാട്ടിലെ അറിയപ്പെടുന്ന ഗായികയായിരുന്നു കോട്ടയം മൂലേടം കളത്തിൽ പറന്പിൽ ജോർജിന്റെ ഭാര്യ റീത്താമ്മ. പള്ളി ക്വയറുകളിലെയും മറ്റു സംഗീതസദസുകളിലെയും ജനപ്രിയ ഗായിക. നൂറുകണക്കിനു കല്യാണക്വയറുകളിൽ റീത്താമ്മയുടെ സ്വരം മാധുര്യം പകർന്നിട്ടുണ്ട്.
കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ പതിറ്റാണ്ടുകൾ ഗായികയായിരുന്നു റീത്താമ്മ. മകനെ സംഗീതലോകത്തേക്ക് ആനയിക്കാനും അമ്മ ശ്രദ്ധിച്ചു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളജിലെ പഠനത്തിനു ശേഷമാണ് മകൻ ജോൺപോൾ ജോർജ് സിനിമാരംഗത്തേക്ക് എത്തിയത്.
ആദ്യം ചിത്രം ഗപ്പി തന്നെ ഏറെ പ്രശംസനേടി. ജോൺപോളിന്റെ ആദ്യചിത്രത്തിൽ അമ്മ ഒരു ഭക്തിഗാനം ആലപിച്ചിരുന്നു. സജീവമായ സംഗീതപരിപാടികളിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന അമ്മയ്ക്ക് ജോൺപോളിന്റെ സമ്മാനമാണ് റീത്താ റിക്കോർഡ്സ്.